Tuesday, December 3, 2019

സത്യജിത്ത് റേയുടെ “ചാരു” കാവ്യം

സത്യജിത്ത് റേയുടെ “ചാരു” കാവ്യം


_ശശിനാസ് നീലകണ്ഠൻ
ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ വ്യക്തമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് സത്യജിത് റേ. കേവലം ചലിക്കുന്ന ചിത്രങ്ങളുടെ ദൃഷ്യാവിഷ്‌കാരം എന്നതിലുപരി റേയുടെ ചലച്ചിത്രങ്ങൾ തികച്ചും ഒരു കാവ്യ സൃഷ്ടിപോലെ മനോഹരമാണ്. ഈ മനോഹാരിത അതിന്റെ പൂർണ്ണതയിൽ എത്തിയ റേയുടെ ചിത്രമാണ് ചാരുലത. റേയുടെ ഉള്ളിലെ കലാകാരന്റെ പ്രതിഭ വ്യക്തമാക്കുന്നതാണ് ചാരുലതയിലെ ഓരോ നിമിഷവും.
രവീന്ദ്രനാഥ ടാഗോറിന്റെ നഷ്‌ടനിർഹ്‌ (the broken nest) എന്ന കഥയെ അടിസ്ഥാമാക്കി യാണ് റേ ചാരുലതയുടെ തിരകഥ തയ്യാറാക്കി യിരിക്കുന്നത്.1880 കാലഘട്ടത്തിലെ കൊൽക്കത്തയാണ് കഥാ പശ്ചാത്തലം. ബാൻസി ചന്ദ്രഗുപ്ത എന്ന കലാസംവിധായകനൊപ്പം ചേർന്ന് റേ ആ കാലഘട്ടത്തിലെ കെട്ടിടങ്ങളും ഉപകരണങ്ങളും മറ്റും പുനർനിർമിക്കുകയോ, നിലവിലുള്ളത് മാറ്റം വരുത്തുകയോ ആണ് ചെയ്തത്.
ചാരു എന്ന ചാരുലത, ഭർത്താവ് ഭൂപതി, ഭൂപതിയുടെ സഹോദരൻ അമൊൽ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കലയിലും സാഹിത്യത്തിലും അതീവ തത്പരയാണ് ചാരു. സെന്‍റിനെന്റൽ എന്ന പത്രാസ്ഥാപനം നടത്തുന്ന ഭർത്താവ് ഭൂപതിക്ക് ചാരുവിന്റെ താൽപര്യങ്ങളെയും കഴുവുകളെയും പരിപോഷിപിക്കുവനോ പ്രോത്സാഹിപ്പിക്കാനോ ഉള്ള സമയം കിട്ടുന്നില്ല. ആ വലിയ വീട്ടിൽ ഒന്നും ചെയ്യാനില്ലാതെ ചാരു ശ്വാസംമുട്ടുകയാണെന്ന് മനസ്സിലാകുന്ന ഭൂപതി, തന്റെ സഹോദരൻ അമോലിനെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു.
ചാരുവിൻ്റെ കഴിവുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉള്ള ദൗത്യം ഭൂപതി അമൊലിനെ ഏൽപ്പിക്കുന്നു. സമപ്രായക്കാരായ അമോലും ചാരുവും വളരേ പെട്ടെന്ന് തന്നെ അടുക്കുകയും, ചാരുവിന് അമോലിനോട് പ്രണയം തോന്നുകയും ചെയ്യുന്നു. ഇത് മനസ്സിലാകുന്ന അമോൽ, സഹോദരന് തന്നോടുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ചാരുവിന് ഒരു കത്തെഴുതിവച്ച് വിദേശത്തേക്ക് ഉപരിപഠനത്തിന് പോവുന്നു.
ഹൃദയം തകർന്ന ചാരു അമോലിനുവേണ്ടി കരയുന്നത് ഭൂപതി കാണുകയും, ചാരുവിനു അമോലിനോടുള്ള ഇഷ്ടം അയാൾ മനസ്സിലാക്കുകയും ചെയ്യുന്നു. സങ്കടം സഹികാനാവാതെ വീടുവിട്ട് പോവുന്ന ഭൂപതി പക്ഷേ, യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് വീട്ടിൽ തിരിച്ചെത്തുന്നു.
ഭർത്താവിനെ കാണുന്ന ചാരു അദ്ദേഹത്തിനുനേരെ നിറകണ്ണുകളോടെ തന്റെ കൈകൾ നീട്ടുന്നു. ചാരുവിൻെറ കൈകൾക്ക് നേരെ ഭൂപതി തന്റെ കൈകൾ നീട്ടുന്നിടത്ത് വച്ച് ചിത്രം അവസാനിക്കുന്നു.
സത്യജിത്ത് റേയുടെ 12 മത്തെ കഥാ ചിത്രമാണ് ചാരുലത. കോളനി വൽകൃത ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളുടെ ഏകാന്തതയും, മാനസിക സംഘർഷങ്ങളും ആണ് ഈ ചിത്രത്തിലൂടെ റേ പറയാൻ ശ്രമിക്കുന്നത്. ഒപ്പം പുറം ലോകവുമായി ബന്ധപെടാൻ ആഗ്രഹിക്കുന്ന ആധുനിക സ്ത്രീയുടെ ഉൽപത്തിയും റേ തന്റെ ചിത്രത്തിലൂടെ അടയാളപ്പെടുത്തുന്നു. സംഭാഷണങ്ങൾ വളരേ കുറച്ച് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.
ടാഗോറിന്റെ ചില വരികൾക്ക് റേ തന്നെ സംഗീതം നൽകിയ ഗാനങ്ങളും. പിന്നെ വളരേ ലളിതവും നൂതനവും ആയ ക്യാമറാ ടെക്നിക്കുകൾ ഉപയോഗിച്ചുമാണ് കഥാപാത്രങ്ങൾ തമ്മിലും, കഥാപാത്രം തന്നെയുള്ള ആശയവിനിമയം റേ സാധ്യമാക്കുന്നത്. സിനിമയുടെ തുടക്കത്തിൽ തന്നെ വഴിയിലൂടെ പോവുന്ന കുരങ്ങ് കളിക്കരെനെയും, മറ്റു വഴിയാത്രക്കാരെയും തന്റെ ദൂരദർശിനിയിലൂടെ പിന്തുടരുന്ന ചാരുവിന് പുറംലോകത്തെ കുറിച്ച് അറിയാനുള്ള ആകാംഷയും താത്പര്യവും എത്രമാത്രം ഉണ്ടെന്ന് ഈ ഒരു സീനിലൂടെ മനസ്സിലാക്കാം. തുടർന്ന് ഭർത്താവ് ഭൂപതി ചാരുവിനെ കടന്നു പോവുന്നുണ്ട്.എന്നാൽ പുസ്തക വായനയിലായിരുന്ന അയാൾ അവളെ ശ്രദ്ധിക്കാതെ നടന്നകലുന്നു. അകന്നുപോവുന്ന ഭർത്താവിനെയും തന്റെ ദൂരദർശിനിയിലൂടെ നോക്കുന്ന ചാരുവിനു അയാളും പുറംലോകത്തെ അംഗമാണെന്ന് തോന്നുന്നു. മറ്റൊരു തരത്തിൽ നോക്കുകയാണെങ്കിൽ അങ്ങനെയെങ്കിലും ഭർത്താവ് തന്റെ അടുത്തായി തോന്നുമല്ലോ എന്ന വിചാരമാവാം അങ്ങനൊരു പ്രവർത്തിക്കു ചാരുവിനേ പ്രേരിപ്പിച്ചത്.
ചിത്രത്തിലെ മറ്റൊരു മനോഹര നിമിഷം പൂന്തോട്ടത്തിൽ ഊഞ്ഞാലയിലിരിക്കുന്ന ചാരുവും സമീപം അമോലുമുള്ള മറ്റൊരു രംഗമാണ്. ഊഞ്ഞാലയുടെ അതേ ഗതിയിൽ തന്നെ ക്യാമറയും ചലിക്കുന്ന എട്ട് മിനിട്ടുള്ള ഈ സീനിലൂടെ ചാരുവിന്‌ അമോലിനോടുള്ള പ്രണയം അവൾ സ്വയം മനസ്സിലാകുന്നു. സാംഭാഷണം നാമമാത്രമായ ഈ രംഗം റേയുടെ സംവിധാന മികവാണ് വ്യക്തമാക്കുന്നത്. ക്ലൈമാക്സ് ഉൾപ്പെടെ ചിത്രത്തിൽ ഇത്തരത്തിലുള്ള നിരവധി മുഹൂർത്തങ്ങൾ ഉണ്ട്. ചരുലതയെ അവതരിപ്പിച്ച മധാപി മുഖർജിയുടെയും, ഭൂപതിയെ അവതരിപ്പിച്ച സൈലെൻ മുഖർജിയുടെയും, അമോലിനെ അവതരിപ്പിച്ച സൗമിത്രാ ചാറ്റർജിയുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ചാരുലതയിലെത്.
1964 ലെ പ്രസിഡണ്ട് ന്റെ ഗോൾഡ് മെഡൽ,1965 ലെ ബർലിൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ ബേർ എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയത് ചാരുലതയായിരുന്നു. 40 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടെ 37 ചിത്രങ്ങൾ സത്യജിത്ത് റേ സംവിധാനം ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട തന്റെ സൃഷ്ടിയാണ്‌ ചാരുലത. കാണുന്ന പ്രേക്ഷകനും ചാരുലതയെ ഒറ്റയടിക്ക് തള്ളിക്കളയാൻ ആവില്ല. ചാരുലതയെ പോലെ മനോഹരമായൊരു കാവ്യം സിനിമയുടെ രൂപത്തിൽ കണ്ടുകിട്ടുക പ്രയാസമാണ്. അത് ആസ്വദിക്കാൻ കഴിയുക എന്നതാണ് ഒരു പ്രേക്ഷകനെ സംബന്ധിച്ച് പ്രധാനം.

No comments:

Post a Comment