“ഹെഡ്മാസ്റ്ററുടെ ഒപ്പ് കട്ടവൻ”
–നിഷാൻ പരപ്പനങ്ങാടി
സ്റ്റേറ്റ്മെന്റ് ന്റെ അവശ്യത്തിനായാണ് ബാങ്കിലേക്ക് ചെന്നത്. ഒരു ഫോം തന്ന് അത് പൂരിപ്പിച്ച് ഒപ്പിട്ട് തിരികെ കൊടുക്കാൻ പറഞ്ഞു. പറഞ്ഞ പ്രകാരം ചെയ്ത് തിരികെ നൽകി.
കമ്പ്യൂട്ടറിലേക്കും ഫോമിലേക്കും മാറി മാറി നോക്കിയ ശേഷം കാബിനിൽ ഉണ്ടായിരുന്ന സ്റ്റാഫ് എന്റെ ഒപ്പ് വെട്ടിക്കളഞ്ഞ് ഫോം തിരികെ നൽകി.
“ഇതല്ല, നിങ്ങൾ അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ നൽകിയ ഒപ്പിടുക”
പടച്ചോനെ അതേത് ഒപ്പ്, ഒമ്പത് വർഷം മുമ്പ് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എടുത്ത അക്കൗണ്ട് ആണ്. ഏതു ഒപ്പാണെന്ന് തമ്പുരാനറിയാം.
ഓർമ്മകൾ ഞൊടിയിടയിൽ തിരൂരങ്ങാടി ഓറിയെന്റൽ സ്‌കൂളിലേക്ക് തിരികെയോടി. ഏഴ്-എട്ട്-ഒമ്പത് ക്ലാസ്സുകാലം ഒപ്പുകളുടെ പ്രവാഹമായിരിക്കും. ഒരു ഉപകാരവുമില്ലാത്ത കെമിസ്ട്രി നോട്ട് ബുക്കുകളിൽ എസ്.ഓ.എസ് വരച്ചു കഴിഞ്ഞാൽ പിന്നെ കൂടുതൽ കാണുക ഒപ്പുകളായിരിക്കും. പലതിനും, ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ നിലപാടിന്റെ ആയുസ്സ് പോലും ഉണ്ടാകില്ല (കൂടിയാൽ നാല്പത്തിനാല് മിനുട്ട്).
പലരുടെയും ഒപ്പുകളുമായി നമ്മുടേത് താരതമ്യം ചെയ്തു നമ്മുടെ ഒപ്പാണ് മനോഹരമെന്ന് ഏതെങ്കിലും ഒരുത്തൻ അഭിപ്രായപ്പെട്ടാൽ മതി, അഭിമാനം കൊണ്ട് നമ്മൾ ഹിമാലയ സാനുക്കളിലേക്ക് ഓടിക്കയറിയിട്ടുണ്ടാകും.
ഈ ബാങ്കിൽ ഞാൻ ഏതു ഒപ്പാവും ഇട്ടിട്ടുണ്ടാവുക. ആശങ്കാകുലതകൾ അഴിച്ചുവെച്ച് ഞാൻ ആലോചിക്കാൻ തുടങ്ങി.
അന്നെനിക്കൊരു ദുശ്ശീലമുണ്ടായിരുന്നു. മനോഹരമായ ഒപ്പുകൾ കണ്ടാൽ ഞാൻ മോഷ്ടിക്കും. അങ്ങനെ പ്രശസ്തമായ മോഷണങ്ങളിൽ ഒന്നായിരുന്നു ഞങ്ങളുടെ ഹെഡ്മാസ്റ്റർ ആയിരുന്ന മുഹമ്മദ് സാറുടെ ഒപ്പ്. ഒരുപാട് ‘ത്ത’ ഒന്നിച്ച എഴുതി മനോഹരമായൊരു ഒപ്പ്. ഇഷ്ടപ്പെട്ടു, സ്വന്തമാക്കി.
ഒരിക്കൽ ക്ലാസിൽ ഒരറിയിപ്പ് വന്നു. “കൺസഷൻ കാർഡിൽ ഹെഡ്മാസ്റ്ററുടെ ഒപ്പ് വേണ്ടവർ ഇന്റർവെൽ നു ഹെഡ്മാസ്റ്ററുടെ റൂമിലേക്ക് ചെല്ലുക”.
ഞാൻ അല്പസ്വല്പമൊക്കെ ജ്ഞാന തൃഷ്ണയുള്ള കൂട്ടത്തിൽ ആയതുകൊണ്ട് കഴിഞ്ഞ പിര്യേഡിൽ എടുത്ത പാഠഭാഗം ഒരാവർത്തി കൂടി വായിക്കാൻ ഇരുന്നത് കൊണ്ട് മാഷ് പറഞ്ഞ സമയത്ത് ചെല്ലാൻ പറ്റിയില്ല. ഒപ്പിട്ടു തരില്ലെന്ന വാശിയിൽ മാഷ്. അന്നെനിക്ക് വാക്കും ചോദ്യവും ഒന്നേയുള്ളൂ എന്നതുകൊണ്ട് കൂടുതലൊന്നും പറയാൻ മുതിർന്നില്ല.
ഒരു കഷ്ണം പേപ്പറുമെടുത്ത് നോട്ടീസ് ബോർഡിനടുത്തേക്ക് ചെന്ന്, അവിടെ പതിച്ചു വെച്ച ഒരറിയിപ്പിൽ നിന്ന് മൂപ്പരുടെ ഒപ്പ് പകർത്തിയെടുത്തു വരച്ചു. സഹാറ ഭൂമി കണക്കെ ഒഴിഞ്ഞു കിടന്നിരുന്ന ബയോളജി നോട്ടു ബുക്കിന്റെ പേജുകളിൽ പിന്നീടൊരു സൂചി കുത്താൻ ഇടമില്ലാത്ത വിധം ഒപ്പിട്ടു ഒപ്പിട്ടു തറയാക്കി.
മൂപ്പരെക്കാൾ മനോഹരമായി ആ ഒപ്പ് എനിക്കിടാൻ ആവും എന്ന ആത്മധൈര്യം വന്ന ശേഷം ഒരു പച്ച മഷി പേനയെടുത്ത് കൺസഷൻ കാർഡിൽ ഞാനങ്ങ് ഒപ്പിട്ടു. ഒന്നും അറിയാത്ത ഭാവത്തിൽ ഓഫീസിലെ റൈഹാനത്ത് താത്താനെ സമീപിച്ചിട്ട് പറഞ്ഞു:
“ഇതീല് സാറ് സീൽ വെച്ചു തരാൻ പറഞ്ഞക്ക്ണ് “
താത്ത സീൽ വെച്ച് തന്നു. ഞാൻ പിന്നെ ആ ഒപ്പ് എന്റേതാക്കി. എസ്.എസ്.എൽ.സി പരീക്ഷക്ക് വരെ ഞാൻ ആ ഒപ്പാണ് ഇട്ടുനൽകിയത്. ഭാഗ്യത്തിന് പിടിക്കപ്പെട്ടില്ല. അവിശ്വസനീയമായ ഒറിജിനാലിറ്റി കണ്ടു കുട്ടികൾ എന്നോട് ഇടക്കിടക്ക് ആ ഒപ്പ് ഇട്ടു കാണിച്ചു കൊടുക്കാൻ പറയും. ഞങ്ങൾ പത്താം ക്ലാസ് കഴിയുന്നതോടെ സാറും വിരമിച്ചു.
റിസൽട്ട് ഒക്കെ വന്ന് എസ്.എസ്.എൽ.സി ബുക്ക് വാങ്ങാൻ ചെന്ന ദിവസം, “എസ്.എസ് എൽ.സി ബുക്കും ടി.സി. യും കിട്ടി ബോധിച്ചു” എന്നെഴുതി ഒപ്പിട്ടത് കണ്ട്, “അല്ലാഹ്… ഞമ്മളെ മുഹമ്മദ് സാറെ ഒപ്പ്” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ്, അല്പം ആശ്ചര്യത്തോടെ റൈഹാനത്ത് താത്ത ആ ഓഫീസിൽ ഉണ്ടായിരുന്നവർക്കൊക്കെ ഒപ്പ് കാണിച്ചു കൊടുത്തത് ഇപ്പോഴും ഓർക്കുന്നു.
ഒടുവിൽ ഏറെക്കുറെ ധാരണയായി, ഇത് തന്നെ ഞാൻ അന്ന് ബാങ്കിൽ ഇട്ടു നൽകിയ ഒപ്പ്. വീണ്ടും പഴയ ഒപ്പുകള്ളനായി. വളരെ മനോഹരമായി ആ ഫോമിൽ ‘എന്റെ’ പഴയ ഒപ്പിട്ടു നൽകി.
കൗണ്ടറിൽ ഉണ്ടായിരുന്ന സ്റ്റാഫ് വീണ്ടും കമ്പ്യൂട്ടർ സ്‌ക്രീനിലേക്കും എന്റെ ഒപ്പിലേക്കും മാറി മാറി നോക്കിയ ശേഷം മുമ്പത്തെ പോലെ വെട്ടിയിട്ടു പറഞ്ഞു: “സാർ, ഇതുമല്ല നിങ്ങളുടെ ഒപ്പ്”
“നിങ്ങൾ ഒരു നിമിഷത്തേക്ക് എന്റെ ഒപ്പൊന്നു കാണിച്ചു തരാമോ, ഒമ്പത് വര്ഷം മുമ്പ് ഇട്ട ഒപ്പാണ്, ഏതു നോട്ടീസ് ബോർഡിൽ നിന്നാണ് കട്ടതെന്ന് ഓർമയില്ല, അതോണ്ടാണ്”
കമ്പ്യൂട്ടർ സ്‌ക്രീനിൽ എന്റെ ഒപ്പ് കണ്ട ഞാൻ ഞെട്ടി;
“പടച്ചോനെ… സഖാവ് വി.എസ്”
അന്ന് “എന്റെ മരം” പദ്ധതിയുടെ ഭാഗമായി ലഭിച്ച ഡയറിയിൽ മുഖ്യമന്ത്രിയുടെ സന്ദേശം ഉണ്ടായിരുന്നു. അടിയിൽ ഒപ്പും. വളരെ ലളിതവും എന്നാൽ തരക്കേട് ഇല്ലെന്നും തോന്നിയതുകൊണ്ട് പൊക്കി ചെറിയ വകഭേദങ്ങൾ വരുത്തി എന്റേതാക്കി.
ഒടുവിൽ ഒപ്പിട്ടു നൽകി, സ്റ്റേറ്റ്മെന്റും കൈപറ്റി അത് സമർപ്പിക്കേണ്ട ഇടത്തു ചെന്നപ്പോൾ അവന്റെ ചോദ്യം:
“സാറിനു സാറിന്റെ ഫാദറിന്റെ ഒപ്പ് ഇടാൻ അറിയാമോന്ന്”
അതും, പത്തുപന്ത്രണ്ടു കൊല്ലം പ്രോഗ്രസ് കാർഡിൽ ഒപ്പിട്ട, ലീവ് ലെറ്റർ സ്വന്തമാക്കിയുണ്ടാക്കിയ എന്നോട്.
എനിക്ക് പിടിതരാത്ത ഒരേയൊരു ഒപ്പ് എന്റെ വല്ല്യുമ്മാന്റെ ഒപ്പാണ്. സ്‌കൂളിൽ ഒപ്പിടാൻ വരുന്ന വല്ല്യുമ്മ സ്വന്തം പേരെഴുതി ഒപ്പിടുമ്പോൾ ബാക്കിയുള്ള കുട്ടികളുടെ കോളത്തിലും കൂടി ഒപ്പിട്ടു അവരുടെ രക്ഷിതാക്കൾക്ക് ഒപ്പിടാനുള്ള അവസരം നിഷേധിക്കുമായിരുന്നു.
ചുരുക്കത്തിൽ, ചെലവില്ലാതെ മാഷും, ഡോക്ടറും, പ്രിൻസിപ്പാളും, വില്ലേജ് ഓഫീസറും, മുഖ്യമന്ത്രിയും പലരുടെയും ”ബാപ്പയും ഉമ്മയും” ഒക്കെയായി വിലസിയ നാളുകൾ.ഔദ്യോഗികമായി ഒരു ഗസറ്റഡ് പദവിയിൽ ഇരുന്നിട്ടില്ലെന്നേ ഉള്ളൂ, എല്ലാ പദവിയും കൈയ്യാളിയിട്ടുണ്ട്..!! 🤓
No comments:
Post a Comment